ഹരിപ്പാട്: പണയത്തിലിരിക്കുന്ന സ്വർണ ഉരുപ്പടികൾ എടുത്തുനൽകാമെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്വകാര്യ പണയമിടപാടുകാരന്റെ കണ്ണിൽ പട്ടാപ്പകൽ നടുറോഡിൽവച്ച് മുളകുപൊടി വിതറി 28 ലക്ഷത്തിലേറെ രൂപയും 22 ഗ്രാം സ്വർണവും കവർന്ന സംഘം മിന്നൽ വേഗതയിൽ പോലീസ് വലയിലായി.
നാട്ടുകാർ നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പത്തു മിനിറ്റിനുള്ളിൽ പ്രതികളെ വളഞ്ഞുപിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ്എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജയിംസ് (22) എന്നിവരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളിൽനിന്ന് കവർച്ച ചെയ്ത 28,23,800 രൂപയും 22 ഗ്രാം സ്വർണവും പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്വത്ത് നഗർ സ്വദേശി നസറുൽ ഇസ്ലാമിനെയാണ് (നാസർ - 52) സംഘം ചതിയിൽപ്പെടുത്തിയത്.
ഒരു സ്കൂട്ടറിൽ മൂന്നുപേർ പണവുമായി പാഞ്ഞുപോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ തൃക്കുന്നപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മതുക്കൽ ഭാഗത്തുനിന്നും ജങ്കാർ ജെട്ടി ലക്ഷ്യമാക്കി വന്ന പ്രതികളെ പോലീസ് തന്ത്രപരമായി വളഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറെ പണിപ്പെട്ടാണ് പോലീസ് സംഘം കീഴടക്കിയത്.പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. ഒന്നാം പ്രതിയായ ശ്രീജിത്ത് ബെന്നി കാപ്പാ നിയമപ്രകാരം നടപടി നേരിട്ടയാളും രണ്ട് വധശ്രമക്കേസുകൾ ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയുമാണ്.
രണ്ടാം പ്രതിയായ അരവിന്ദ് വൈക്കം തുരുത്തിപ്പള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായിരിക്കെ വിഗ്രഹത്തിലെ മാല മോഷ്ടിച്ച കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. മൂന്നാം പ്രതിയായ അനീഷ് ജെയിംസ് പ്രായപൂർത്തിയാക്കാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.